ന്യൂഡൽഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പുതുതായി രൂപവത്കരിക്കുന്ന സൈനിക വകുപ്പിന്റെ മേധാവിയായിരിക്കും 4 സ്റ്റാർ ജനറൽ പദവിയുള്ള സിഡിഎസ്. സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. സർക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാനായും സിഡിഎസ് പ്രവർത്തിക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മേധാവിമാരിൽ ഏറ്റവും മുതിർന്നയാളെയാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചേക്കുക. മൂന്ന് സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതും സർക്കാരിന് സൈനിക ഉപദേശങ്ങൾ നൽകുകയുമാണ് സിഡിഎസിന്റെ പ്രധാന ചുമതല. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളിലും സമാനമായ പദവി നിലവിലുണ്ട്. കാർഗിൽ യുദ്ധത്തിന് ശേഷമാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി വേണമെന്ന നിർദേശമുയർന്നത്. വിവിധ സൈനിക വിഭാഗങ്ങളെ ഏകോപിപ്പിക്കാനും അതിന്റെയെല്ലാം തലവനായി പ്രവർത്തിക്കാനും സർക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു നിർദേശം. മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിരുന്നു. Content Highlights:india government approved the post of chief of defence staff
from mathrubhumi.latestnews.rssfeed https://ift.tt/2ZmwUyY
via IFTTT
0 അഭിപ്രായങ്ങള്‍