റാഞ്ചി:ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി. ജാർഖണ്ഡും ബിജെപിയെ കൈവിടുമ്പോൾ പ്രതിപക്ഷ ചേരിക്ക് കരുത്തുപകർന്ന് പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് സംസ്ഥാനങ്ങൾക്ക് പിന്നാലെ ജാർഖണ്ഡിലും ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിലേറുന്നു. 65 സീറ്റ് എന്ന ലക്ഷ്യം കുറിച്ച് പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബർദാസിനും ബിജെപിക്കും തൊട്ടതെല്ലാം പിഴച്ചു. ആദ്യം എ.ജെ.എസ്.യുവുമായുള്ള സഖ്യം പൊളിഞ്ഞത് മുതൽ തിരിച്ചടി തുടങ്ങുന്നു. മറുവശത്ത് ജെഎംഎം-ആർജെഡി-കോൺഗ്രസ് മഹാസഖ്യം ശക്തമായി നിലയുറപ്പിച്ച് ബിജെപിയെ നേരിട്ടു. ദേശീയതയും ആർട്ടിക്കിൾ 370 യും പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോൾ പ്രാദേശിക വിഷയങ്ങളിലൂന്നി ബിജെപിയുടെ കെണിയിൽ വീഴാതെ ഹേമന്ത് സോറന് പിന്നിൽ സഖ്യം ഒന്നിച്ചുനിന്നു. തിരഞ്ഞെടുപ്പിന് മുന്നെ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഹേമന്ത് സോറനെ പ്രഖ്യാപിച്ചതോടെ ജെഎംഎം-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത അകന്നു. കോൺഗ്രസിലാകട്ടെ നേതാക്കൾ പലരും കൊഴിഞ്ഞുപോയി. പിസിസി പ്രസിഡന്റ് പോലും രാജിവച്ച് ആം ആദ്മിയിൽ ചേർന്നിട്ടും ഒറ്റ മനസ്സുമായി ഈ തിരഞ്ഞെടുപ്പിനെ നേരിടാനായതാണ് കോൺഗ്രസിനെ തുണച്ചത്. തെക്കൻ ജാർഖണ്ഡിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചത് 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എഐസിസി സെക്രട്ടറി ആർപിഎൻ സിങ്ങായിരുന്നു. എക്സിറ്റ് പോളുകൾ ത്രിശങ്കു പ്രവചിച്ചപ്പോഴും, അപകടസാധ്യതയുണ്ടെങ്കിലും സർക്കാരുണ്ടാക്കാമെന്ന ഉറച്ച പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. പക്ഷേ എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും വലിയ വിജയമാണ് മഹാസഖ്യം നേടിയത്. ജെ.വി.പിയുടെയും എ.ജെ.എസ്.യുവിന്റെയും വിലപേശൽ ശേഷി നഷ്ടപ്പെട്ടതും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്. ഏഴ് സീറ്റിൽ മത്സരിച്ച ആർജെഡി അഞ്ച് സീറ്റിലും മുന്നിലെത്തിയത് ശ്രദ്ധേയമായി. ധുംകയിലും ബെർഹെയ്ത്തിലും മത്സരിച്ച ഹേമന്ത് സോറൻ രണ്ടിടത്തും മുന്നേറുന്നു. അതേസമയം ഏറ്റവും ശക്തമായ പോരാട്ടം നടന്ന ജംഷഡ്പൂർ ഈസ്റ്റിൽ മുഖ്യമന്ത്രി രഘുബർ ദാസിനെ ദിവസങ്ങൾക്ക് മുമ്പ് വരെ മന്ത്രിയായിരുന്ന സരയു റായ് അട്ടിമറിച്ചേക്കുമെന്ന സൂചനയാണ് വരുന്നത്. ചക്രധർപൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ പരാജയത്തിലേക്ക് നീങ്ങുന്നു. Content Highlights: Setback for BJP
from mathrubhumi.latestnews.rssfeed https://ift.tt/2EHyrXb
via IFTTT
0 അഭിപ്രായങ്ങള്