അന്ന് ധനരാജ് സമ്മാനിച്ച വാച്ചുമായി ചാത്തുണ്ണി ഇറങ്ങുകയാണ്, പ്രിയ ശിഷ്യനെ അവസാനമായി ഒന്നു കാണാന്‍

കോഴിക്കോട്: ഏതാനും വർഷങ്ങൾക്കു മുമ്പ് മോഹൻ ബഗാന്റെ വാർഷികാഘോഷത്തിന് എത്തിയപ്പോൾ ധനരാജ് സമ്മാനിച്ച ആ വാച്ച് വർഷങ്ങളായി ടി.കെ ചാത്തുണ്ണിയുടെ കൈയിലുണ്ട്. തിങ്കളാഴ്ച പക്ഷേ ആ വാച്ച് കെട്ടിയപ്പോൾ ചാത്തുണ്ണിയുടെ മനസ് വിങ്ങുകയായിരുന്നു. കാരണം ഇന്ന് ആ വാച്ച് കെട്ടിഇറങ്ങുന്നത് പ്രിയ ശിഷ്യന്റെ ചലനമറ്റ ദേഹം കാണാനാണ്. കഴിഞ്ഞ ദിവസം സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചകേരളത്തിന്റെമുൻ സന്തോഷ് ട്രോഫി താരം ആർ. ധനരാജിനെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് കൈപിടിച്ചുയർത്തിയത് മുൻ ഇന്ത്യൻ താരവും ഫുട്ബോൾ പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണിയായിരുന്നു. കേരള പൊലീസ്, എം.ആർ.എഫ് ഗോവ, ചർച്ചിൽ ഗോവ, കെ.എസ്.ഇ.ബി, സാൽഗോക്കർ, മോഹൻ ബഗാൻ, എഫ്.സി.കൊച്ചിൻ, വിവ കേരള, ഗോൾഡൻ - ത്രഡ്സ്, ജോസ്കോ എഫ്.സി, വിവ ചെന്നെ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ചാത്തുണ്ണിയുടെ ശിഷ്യഗണങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടയാൾ ധനരാജ് തന്നെയായിരുന്നു. ധനരാജിനൊപ്പമുള്ള ഓർമകൾ പങ്കുവെയ്ക്കാനായി ടി.കെ ചാത്തുണ്ണിയെ വിളിച്ചപ്പോൾ അദ്ദേഹം പ്രിയ ശിഷ്യന്റെ മരണാനന്തര ചടങ്ങുകൾക്കായി വീട്ടിൽ നിന്നും ഇറങ്ങാൻ പോകുകയായിരുന്നു. ഏറെ വൈകാരികമായാണ് അദ്ദേഹം ധനരാജിനെ കുറിച്ച് സംസാരിച്ചത്. പലപ്പോഴും ശബ്ദം ഇടറുന്നുണ്ടായിരുന്നു. വിവ കേരളയ്ക്കായി കേരളത്തിന്റെ അങ്ങോളമിങ്ങോളം പ്രമുഖ മാധ്യമപ്രവർത്തകൻ ബാബു മേത്തറുമൊത്ത് താരങ്ങളെ തപ്പിനടക്കുന്നതിനിടെ ഒരു സുഹൃത്താണ് പാലക്കാട് സെവൻസ് കളിച്ചുനടക്കുന്ന ഒരു പയ്യനെ കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. കളമശ്ശേരിയിലെ എഫ്.എ.സി.ടി ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽസിനെത്തിയ ആ പയ്യനെ കണ്ട് ഞെട്ടിയ കാര്യവും ടി.കെ ചാത്തുണ്ണി ഓർക്കുന്നു. കണ്ടു കഴിഞ്ഞാൽ ഒരു ഫുട്ബോൾ താരമാണെന്നേ തോന്നില്ല. നന്നേ മെലിഞ്ഞ ശരീരം, ഉയരവും കുറവ്. പക്ഷേ കളി തുടങ്ങിക്കഴിഞ്ഞപ്പോൾ പയ്യൻ ചില്ലറക്കാരനല്ലെന്ന് അദ്ദേഹത്തിന് മനസിലായി. അന്ന് 1500 രൂപ ശമ്പളത്തിനാണ് ധനരാജിനെ വിവ കേരളയിലെടുത്തതെന്നും ടി.കെ ചാത്തുണ്ണി ഓർത്തെടുത്തു. ആയിടയ്ക്ക് പി. പീതാംബരൻ പരിശീലിപ്പിക്കുന്ന കേരള ടീമുമായി വിവ കേരള ഒരു പരിശീലന മത്സരം കളിച്ചിരുന്നു. സന്തോഷ് ട്രോഫി ടീം ട്രയൽസൊക്കെ നടക്കുന്ന സമയാണത്. വിവ കേരളയാണെങ്കിൽ ഒന്ന് സെറ്റായി വരുന്ന സമയവും. ധനരാജ് എന്ന താരത്തിന്റെ കളിമികവ് അന്നാണ് ഞാൻ ശരിക്കും ആസ്വദിച്ചതെന്ന് ടി.കെ ചാത്തുണ്ണി പറഞ്ഞു. കളിക്കിടെ മത്സരം വായിച്ചെടുക്കാനുള്ള ധനരാജിന്റെ കഴിവ് അപാരമാണ്. ഒരാലെ പോലും പോസ്റ്റിലേക്ക് കടത്തില്ല. അവന്റെ ഓവർലാപ്പിങ് കണ്ട് പലരും അന്ന് ഞെട്ടിയിട്ടുണ്ട്. അന്ന് 2-1 നാണ് വിവ കേരള, കേരള സ്റ്റേറ്റ് ടീമിനെ തോൽപ്പിച്ചത്, ടി.കെ ചാത്തുണ്ണി പറഞ്ഞു. പിന്നാലെ കോഴിക്കോട്ടു നടന്ന ഇന്റർ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് വിവാ കേരള ജേതാക്കളായതും ക്യാപ്റ്റൻ ധനരാജിന്റെ മികവിൽ തന്നെയായിരുന്നു. അന്ന് നജീബ് പരിശീലിപ്പിച്ചിരുന്ന എസ്.ബി.ടിയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് വിവ കേരള കരുത്ത് കാട്ടിയത്. ഡിഫൻസിൽ ഏത് പൊസിഷനിൽ കളിപ്പിക്കാനും ഏറ്റനും അനുയോജ്യനായ താരമായിരുന്നു ധനരാജ്. ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, സ്റ്റോപ്പർ, ഹാഫ് ബാക്ക് എന്നീ പൊസിഷനുകളിലെല്ലാം ധനരാജ് തിളങ്ങിയിരുന്നു. ഡിഫൻസിലെ എല്ലാ പൊസിഷനിലും താൻ ധനരാജിനെ ഉപയോഗിച്ചിട്ടുണ്ടെന്നും ചാത്തുണ്ണി സാർ പറഞ്ഞു. പിന്നീട് വിവ കേരള വിട്ട ചാത്തുണ്ണി സാറിന് ചിരാഗ് യുണൈറ്റഡിൽ നിന്ന് ഓഫർ വന്നു. എന്നാൽ ആ ഓഫർ നിരസിച്ച അദ്ദേഹം പകരം തന്റെ രണ്ട് താരങ്ങളെ തരാമെന്ന് അവരോട് പറഞ്ഞു. അങ്ങനെ ധനരാജും ഡെൻസൻ ദേവദാസും ചിരാാഗിലെത്തി. പിന്നീട് മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ധനനരാജ് ബൂട്ടുകെട്ടി. ധനരാജ് ക്യാപ്റ്റനായിരിക്കെയാണ് മുഹമ്മദൻസ് ഐ.എഫ്.എ ഷീൽഡും ഡ്യൂറന്റ് കപ്പും ജയിക്കുന്നത്. മാന്യമായ പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു ധനരാജെന്നും ചാത്തുണ്ണി സാർ പറയുന്നു. ഒരിക്കൽ മോഹൻ ബഗാന്റെ വാർഷികാഘോഷത്തിന് കൊൽക്കത്തയിലെത്തിയപ്പോൾ ധനരാജുമൊത്തായിരുന്നു താമസം. അന്ന് തിരികെ പോരാൻ നേരം അവനൊരു സമ്മാനം നൽകി. വി 9 കളക്ഷന്റെ ഒരു വാച്ച്. ഇന്ന് ആ വാച്ചിൽ നോക്കി ചാത്തുണ്ണി സാർ ഇറങ്ങിയത് അതേ ശിഷ്യന്റെ മരണാനന്തര ചടങ്ങുകൾക്കായും. Content Highlights:tk chathunni remembering R Dhanarajan collapses and passes away during a Sevens game

from mathrubhumi.latestnews.rssfeed https://ift.tt/36jK8j3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍