ഹവാന: 43 വർഷത്തിന് ശേഷം ക്യൂബയിൽ പ്രധാനമന്ത്രിയെ നിയമിച്ചു. ടൂറിസം മന്ത്രി മാനുവൽ മരേരോ ക്രൂസിനെയാണ് പ്രസിഡന്റ് മിഖായേൽ ഡയാസ് കാനൽ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976-ന് ശേഷം ആദ്യമായാണ് ക്യൂബയിൽ പ്രധാനമന്ത്രി നിയമനം നടക്കുന്നത്. പുതിയ പ്രധാനമന്ത്രിയെനാഷണൽ അസംബ്ലി ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവർത്തനമികവും വിശ്വാസതയും കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള ആത്മാർത്ഥതയുമാണ് മരേരോയുടെ പ്രത്യേകതയെന്ന് പ്രസിഡന്റ് മിഖായേൽ ഡയാസ് കാനൽ പറഞ്ഞു. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് മരേരോയെന്ന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ഗ്രാന്മയും റിപ്പോർട്ട് ചെയ്തു. 2004-ൽ ഫിദൽ കാസ്ട്രോയാണ് മരേരോയെ ടൂറിസം മന്ത്രിയായി നിയമിച്ചത്. ഭരണത്തിൽ പ്രസിഡന്റിന്റെ വലംകൈയായാണ് അദ്ദേഹം പ്രവർത്തിക്കുക. അതേസമയം, പ്രധാനമന്ത്രി നിയമനം വെറും മുഖംമിനുക്കൽ മാത്രമാണെന്നാണ് രാഷ്ട്രീയ വിമർശകരുടെ അഭിപ്രായം. എന്ത് നിയമനം നടന്നാലും കമ്യൂണിസ്റ്റ് പാർട്ടിയും സൈന്യവും മാത്രമാണ് ക്യൂബയിലെ നിർണായക ശക്തികളെന്നും അവർ പറഞ്ഞു. 1976 ലെ ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷമാണ് ക്യൂബയിൽ പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞത്. 1959 മുതൽ 1976 വരെ ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോയായിരുന്നു ക്യൂബയിലെ പ്രധാനമന്ത്രി. ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷം അദ്ദേഹം ക്യൂബയുടെ ആദ്യ പ്രസിഡന്റായി. ഈ വർഷമാണ് പ്രധാനമന്ത്രി പദം പുനഃസ്ഥാപിക്കാൻ ക്യൂബ തീരുമാനമെടുത്തത്. Content Highlights:cuba appoints prime minister after 43 years
from mathrubhumi.latestnews.rssfeed https://ift.tt/2SfRJe7
via IFTTT
0 അഭിപ്രായങ്ങള്‍