മുംബൈ: നാളെ വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി വിധിക്ക് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വീട്ടിൽ തിരക്കിട്ട ചർച്ചകൾ. ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാറും മറ്റു ബിജെപി നേതാക്കളും ഫഡ്നാവിസിന്റെ വസതിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിൽ സ്പീക്കറായിരുന്ന ബിജെപി എംഎൽഎ ഹരിഭാവു ബാഗ്ദെയും ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. അടുത്ത സ്പീക്കർ ചാർജ് എടുക്കുന്നത് വരെ ഔദ്യോഗികമായി ഇദ്ദേഹത്തിനാണ് സ്പീക്കറുടെ ചുമതല. സ്പീക്കറുടെ ഔദ്യോഗിക കാറിലാണ് അദ്ദേഹം ഫഡ്നാവിസിന്റെ വീട്ടിലെത്തിയതും. ഇതിനിടെ ബിജെപി എംഎൽഎമാരുടെ യോഗം ഇന്ന് രാത്രി ഒമ്പത് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. 105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. അജിത് പവാറടക്കം മൂന്ന് എംഎൽഎമാരാണ് എൻസിപിയിൽ നിന്ന് പിന്തുണക്കുന്നത്. സ്വതന്ത്രരെ എല്ലാവരേയും ഒപ്പം കൂട്ടിയാലും കേവലഭൂരിപക്ഷത്തിന് വേണ്ട 145 തികയില്ല. പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പേരെ അടർത്തിയെടുത്താൽ മാത്രമേ വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകൂ.അതേ സമയം 13 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് അജിത് പവാർ അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ശിവസേന-എൻസിപി-കോൺഗ്രസ് പാർട്ടികളുടെ 162 എംഎൽഎമാർ ഒരുമിച്ച് ഹയാത്ത് ഹോട്ടലിൽ അണി നിരന്നിരുന്നു. പ്രോടേം സ്പീക്കറെ കണ്ടെത്തി അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. സാധാരയായി സഭയിലെ ഏറ്റവും സീനിയറായിട്ടുള്ള എംഎൽഎയെയാണ് പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കുക. ഗവർണർക്കാണ് ഇതിന്റെ ചുമതല. നേരത്തെ കർണാടകയിൽ ഈ സീനിയോറിറ്റി മറികടന്ന് അവിടുത്തെ ഗവർണർ വാജുഭായ് വാലെ ബിജെപി നേതാവിനെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തത് വിവാദമായിരുന്നു. കോൺഗ്രസ് എംഎൽഎയായിരുന്ന ആർ.വി.ദേശ്പാണ്ഡെയെ മറികടന്ന് ബിജെപിയുടെ കെ.ജി.ബൊപ്പയ്യയെയാണ് പ്രോംടേം സ്പീക്കറായി നിയമിച്ചിരുന്നത്. മഹരാഷ്ട്രയിൽ നിലവിൽ ആറ് എംഎൽഎമാരുടെ പേരുകളാണ് ഗവർണർക്ക് മുന്നിലുള്ളത്. ഇതിൽ കോൺഗ്രസിന്റെ രണ്ടും എൻസിപിയുടെ ഒരാളും ഇടംപിടിച്ചിട്ടുണ്ട്. ബിജെപിയുടെ രാധാകൃഷ്ണ പാട്ടീലാണ് ഒന്നാമതുള്ളത്. നിയന്ത്രിത അധികാരങ്ങൾ മാത്രമേ പ്രോടേം സ്പീക്കർക്ക് ഉള്ളൂ. സ്പീക്കർ തിരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം മതി വിശ്വാസ വോട്ടെടുപ്പ് നടത്തിയാൽ മതിയെന്ന ബിജെപിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. സ്പീക്കർ തിരഞ്ഞെടുപ്പ് ആദ്യം നടത്തി എൻസിപി എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്. നേരത്തെ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത അജിത് പവാറിനെ കൊണ്ട് എംഎൽഎമാർക്ക് വിപ്പ് നൽകി്ക്കാനായിരുന്നു ബിജെപിയുടെ പ്ലാൻ. അജിത് പവാറിനെ എൻസിപി കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് മറ്റൊരാളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ നടപടി എടുക്കേണ്ടതും സ്പീക്കറായിരുന്നു. Content Highlights:Maharashtra floor trest-Govt Formation-BJP MLAs to Meet at Wankhede Stadium
from mathrubhumi.latestnews.rssfeed https://ift.tt/2XO75r0
via IFTTT
0 അഭിപ്രായങ്ങള്‍