കെ.എസ്.ആർ.ടി.സി.യുടെ 321 സൂപ്പർ ക്ലാസ് ബസുകളുടെ പെർമിറ്റ് ഏപ്രിലോടെ റദ്ദാകും. ഇതോടെ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് സർവീസുകൾ നടത്താനായി കെ.എസ്.ആർ.ടി.സി. വാടക ബസുകളെ ആശ്രയിക്കേണ്ടിവരും. അല്ലെങ്കിൽ പെർമിറ്റ് സ്വകാര്യ ബസുകൾക്ക് നൽകണം. സൂപ്പർ ക്ലാസ് (ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്) ബസുകളുടെ പെർമിറ്റ് കാലാവധി അവസാനിക്കുന്നതാണ് കാരണം. അഞ്ചുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റ് നൽകരുതെന്നാണ് മോട്ടോർ വാഹന ചട്ടം. ടോമിൻ കെ.തച്ചങ്കരി എം.ഡി. ആയിരുന്നപ്പോൾ കെ.എസ്.ആർ.ടി.സി.ക്ക് വേണ്ടി ഈ ചട്ടം ഇളവുചെയ്ത് ഏഴുവർഷമാക്കി ഉയർത്തിയിരുന്നു. പെർമിറ്റ് കാലാവധി ഒൻപതുവർഷമാക്കി ഉയർത്തണമെന്ന് കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചു. സൂപ്പർ ക്ലാസ് ബസുകളുടെ പെർമിറ്റ് നിലനിർത്തണമെങ്കിൽ പുതിയ ബസുകൾ ഇപ്പോഴെങ്കിലും വാങ്ങണം. പുതിയ ബസുകൾ ബോഡി ചെയ്ത് നിരത്തിലിറക്കാൻ ആറുമാസമെടുക്കും. നിലവിൽ പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ഒരു നീക്കവും കെ.എസ്.ആർ.ടി.സി. നടത്തിയിട്ടില്ല. വാടക ബസുകൾ ഓടിക്കാനുള്ള നീക്കത്തിലാണ് മാനേജ്മെന്റെന്ന് തൊഴിലാളി യൂണിയനുകൾ സംശയിക്കുന്നു. കെ.എസ്.ആർ.ടി.സി.യുടെ നിലവിലുള്ള 10 വോൾവോ ബസുകളുടെയും പെർമിറ്റ് മാർച്ചിൽ റദ്ദാകും. വോൾവോ സർവീസുകൾ തുടരണമെങ്കിൽ വണ്ടികൾ വാടകയ്ക്കെടുക്കുകയല്ലാതെ മറ്റ് വഴികൾ ഉണ്ടാകില്ല. നിലവിലുള്ള 137 സൂപ്പർ ഡീലക്സ് സർവീസുകളിൽ 41 എണ്ണത്തിന്റെയും 1325 ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ 178 എണ്ണത്തിന്റെയും പെർമിറ്റ് മാർച്ചിൽ റദ്ദാകും. സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് ബസുകളുടെയും പെർമിറ്റും പുതുക്കാനാവാത്ത അവസ്ഥയാണ്. ഇതിനു പുറമേ ആറുവർഷമായ 74 ബസുകളുമുണ്ട്. ഒരുവർഷം കഴിഞ്ഞാൽ ഇവയുടെ പെർമിറ്റും പുതുക്കാനാകില്ല. ലക്ഷ്യം സ്വകാര്യവത്കരണം എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നതുമുതൽ കെ.എസ്.ആർ.ടി.സി.യെ സ്വകാര്യവത്കരിക്കാൻ ശ്രമം നടക്കുകയാണ്. മനഃപൂർവം പ്രതിസന്ധി സൃഷ്ടിച്ച് വാടക ബസുകൾ ഓടിക്കാനാണ് നീക്കം. തൊഴിലാളികളെ പിരിച്ചുവിട്ടതിനു പിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. -ആർ.ശശിധരൻ,വർക്കിങ് പ്രസിഡന്റ്, ടി.ഡി.എഫ്. പുതിയ ബസുകൾ വാങ്ങണം കിഫ്ബിയിൽനിന്ന് അനുവദിച്ചിട്ടുള്ള 346 കോടി രൂപ വിനിയോഗിച്ച് പുതിയ ബസുകൾ വാങ്ങി കെ.എസ്.ആർ.ടി.സി. വർക്ക്ഷോപ്പുകളിൽ ബോഡി ചെയ്ത് നിരത്തിലിറക്കണം. വാടകവണ്ടികൾ ഓടിക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കും. -എം.ജി.രാഹുൽ,ജനറൽ സെക്രട്ടറി,കെ.എസ്.ടി.ഇ.യു. (എ.ഐ.ടി.യു.സി.) Content Highlights:321 Super Fast Bus Permit Expire On April
from mathrubhumi.latestnews.rssfeed https://ift.tt/2ODUN00
via IFTTT
0 അഭിപ്രായങ്ങള്‍