തിരുവനന്തപുരം: മരംമുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവിറക്കാൻ നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെന്ന് രേഖകൾ. നിയമ വകുപ്പിന്റെയും അഡീഷണൽ എ.ജി.യുടെയും നിയമോപദേശം തേടാതെ മരംമുറി ഉത്തരവ് വേഗത്തിലാക്കാനാണ് ചന്ദ്രശേഖരൻ നിർദേശിച്ചത്. മരംമുറി തടസ്സപ്പെടുത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടെയാണ് കഴിഞ്ഞവർഷം ഒക്ടോബർ 24-ന് ഉത്തരവിറങ്ങിയത്.ഉത്തരവിറക്കുംമുമ്പേ ഒട്ടേറെത്തവണ വനം-റവന്യൂ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ ചേർന്നിരുന്നു. 1964-ലെ ഭൂമി പതിവു ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്നം വനംവകുപ്പിലെയും റവന്യൂവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, മരംമുറിക്ക് അനുവാദം നൽകാൻ ചന്ദ്രശേഖരൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകുകയായിരുന്നു. മന്ത്രിയുടെ കുറിപ്പിന് മുമ്പും ശേഷവും റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചിരുന്നു. അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശവും നിയമവകുപ്പിന്റെ ഉപദേശവും വാങ്ങണമെന്നും നിർദേശിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. ഉത്തരവാദിത്വം അംഗീകരിക്കുന്നു; തെറ്റുണ്ടെങ്കിൽ ഉദ്യോഗസ്ഥ വീഴ്ച -ഇ. ചന്ദ്രശേഖരൻ കാസർകോട്: മരംമുറിക്കാനുള്ള ഉത്തരവ് സർക്കാർ പൂർണ ഉത്തരവാദിത്വത്തോടെയാണ് ഇറക്കിയതെന്നും നിർദേശം നൽകിയ മന്ത്രിയെന്ന നിലയിൽ അത് അംഗീകരിക്കുന്നതായും ഇ. ചന്ദ്രശേഖരൻ. എല്ലാ വശങ്ങളും പരിശോധിച്ചാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥർ തടസ്സമുണ്ടാക്കരുതെന്ന് നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാജകീയ മരങ്ങൾ മുറിക്കാനുള്ളതല്ല ഉത്തരവ്. അതിന് ആർക്കും സാധിക്കില്ല. 1964 ഭൂമി പതിവുചട്ടപ്രകാരം കർഷകന് പതിച്ചുനൽകിയ ഭൂമിയിൽ കർഷകൻ വെച്ചുപിടിപ്പിച്ച മരം മുറിക്കാമെന്നാണ് ഉത്തരവ്. ഭൂമി പതിച്ചുനൽകുമ്പോൾ മരങ്ങൾ സർക്കാരിൽ നിക്ഷിപ്തമാകും. ഈ മരം മുറിക്കാൻ ഉത്തരവിടാൻ ആർക്കാണ് കഴിയുകയെന്നും ഇ. ചന്ദ്രശേഖരൻ ചോദിച്ചു. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തുള്ള നീക്കം ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗസ്ഥ അനാസ്ഥ ഉണ്ടെങ്കിൽ അതും അന്വേഷിക്കണം. ഉത്തരവിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് വായിച്ചാൽ മനസ്സിലാകാത്ത എന്ത് ഭാഷയാണുള്ളത്. തെറ്റായ രീതിയിൽ അനുമതി നൽകിയെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3ArCORM
via IFTTT
0 അഭിപ്രായങ്ങള്