പാലക്കാട്: ഛത്തീസ്ഗഢ് സ്വദേശിനി ജ്യോതി കേരളത്തിന്റെ മരുമകളായെത്തിയതിനുപിന്നിൽ വലിയൊരുത്യാഗത്തിന്റെ കഥയുണ്ട്. സേവനമാണ് ജീവിതം എന്ന് പ്രതിജ്ഞയെടുത്ത് നഴ്സിങ് പഠനത്തിനിറങ്ങിയ ജ്യോതിയുടേത് മാറിമറിഞ്ഞ ജീവിതമാണ്. മലയാളം കേൾക്കുകപോലും ചെയ്യാതിരുന്ന ജ്യോതി ഇന്ന് നന്നായി മലയാളം പറയും. മലയാളത്തിൽ തെറ്റില്ലാതെ മറ്റുള്ളവർക്ക് കാര്യങ്ങൾപറഞ്ഞുമനസ്സിലാക്കും. കേരളത്തിന്റെ ഈ മരുമകൾ ഇന്ന് തിരഞ്ഞെടുപ്പുസ്ഥാനാർഥിയാണ്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബി.ജെ.പി. സ്ഥാനാർഥിയായാണ് ജ്യോതി വികാസ് മത്സരിക്കുന്നത്. സ്വന്തം കഥ ജ്യോതി പറയും. 2010 ജനുവരി മൂന്ന്. ബി.എസ്സി നഴ്സിങ് വിദ്യാർഥിയായിരുന്ന ജ്യോതി കോളേജിൽനിന്ന് അവധിക്കാലം ആഘോഷിക്കാൻ ഛത്തീസ്ഗഢ് ദന്തേവാഢ ബച്ചേലിയിലുള്ള വീട്ടിലേക്ക് ബസ് കയറി. ഛത്തീസ്ഗഢ് ബൈലഡില ക്യാമ്പിൽ സി.ഐ.എസ്.എഫ്. ജവാനായിരുന്ന പാലക്കാട് പെരുവെമ്പ് സ്വദേശി പി.വി. വികാസും ഈ ബസ്സിനകത്തുണ്ടായിരുന്നു. ലീവുകഴിഞ്ഞ് നാട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു ഈ ചെറുപ്പക്കാരൻ. ബസ്സിന്റെ ജനലിനരികിലെ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന വികാസിന്റെ പിറകിലെ സീറ്റിലായിരുന്നു ജ്യോതി. പെട്ടെന്നാണ് ഇവരുടെ ബസ്സിനുനേരെ ഒരു ടാങ്കർ ലോറി ചീറിപ്പാഞ്ഞുവന്നത്. വികാസ് ഇരിക്കുന്ന വശത്തേക്കുവന്ന ലോറി കണ്ടതോടെ പിറകിലിരിക്കുന്ന ജ്യോതി തന്റെ വലതുകൈകൊണ്ട് വികാസിനെ തള്ളിമാറ്റി. അത്ഭുതകരമായി വികാസ് രക്ഷപ്പെട്ടു. പക്ഷെ, ലോറിയുടെ ഇടിയുടെ ആഘാതത്തിൽ ജ്യോതിയുടെ വലതുകൈ വാഹനങ്ങൾക്കിടയിൽ കുരുങ്ങി. കൈമുട്ടിലായിരുന്നു ഇടി. പിന്നീട് അണുബാധയില്ലാതിരിക്കാൻ തോളിനൊപ്പം കൈ മുറിച്ചുമാറ്റി. അപരിചിതയായിട്ടും തന്റെ ജീവൻ രക്ഷിക്കാൻ വലതുകൈ ത്യജിച്ചവളെ വികാസ് പിന്നീട് ജീവിതസഖിയായി സ്വീകരിച്ചു. ഇതോടെ ഹിന്ദിമാത്രം സംസാരിക്കാനറിയുന്ന ജ്യോതി കേരളത്തിന്റെ മരുമകളായി. വീടുകളിൽ കയറിച്ചെല്ലുമ്പോൾ വോട്ടർമാർ കൈകൂപ്പി നമസ്കാരം പറയാറുണ്ടെങ്കിലും, അപകടത്തിൽ ഇല്ലാതായ വലംകൈയുടെ ഭാഗം ഷാളുകൊണ്ടുമറച്ച് ജ്യോതി ഇടംകൈ നെഞ്ചോടുചേർത്ത് നമസ്കാരം പറയും. കേരളത്തിലെത്തി 10 വർഷത്തോളമായി. മലയാളം എഴുതാനും വായിക്കാനും അറിയാം. വികാസിന്റെയും വീട്ടുകാരുടെയും പിന്തുണയോടെയാണ് മത്സരത്തിനിറങ്ങാൻ തീരുമാനിച്ചത്. കോയമ്പത്തൂർ വിമാനത്താവളത്തിലാണ് വികാസിന് ജോലി. കൂടെവരാനൊക്കാത്തതിന്റെ വിഷമമുണ്ട്. പക്ഷേ, പ്രചാരണത്തിനിറങ്ങുംമുമ്പ് ഫോണിലൂടെ വികാസ് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്ന് ജ്യോതി പറഞ്ഞു. പാലത്തുള്ളി ചീരിയങ്ങാട് പഞ്ചാനകുളമ്പിൽ പി.വി. വികാസിന്റെ അമ്മ കാഞ്ചനയുടെ ഒപ്പമാണ് താമസം. സ്ത്രീസംവരണ വാർഡായതിനാൽ പെരുവെമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ ശശികല (എൽ.ഡി.എഫ്.), മുൻ പഞ്ചായത്തംഗമായിരുന്ന ഭാഗ്യവതി (യു.ഡി.എഫ്.) എന്നിവരാണ് എതിരാളികളായി ഉള്ളത്. ഇരുവരെയും അടുത്ത് അറിയാമെന്നും അതിനാൽത്തന്നെ സന്തോഷത്തോടെയുള്ള സൗഹൃദമത്സരമാണ് ഉദ്ദേശിക്കുന്നതെന്നും ഇവർ പറയുന്നു. വിജയിച്ചാൽ, മറ്റുള്ളവരെ സഹായിക്കണമെന്ന നഴ്സിങ് പാഠം വീണ്ടും പകർത്താനാണ് തീരുമാനമെന്നും ജ്യോതി പറയുന്നു. content highlights: jyothi vikas palakkad bjp candidate

from mathrubhumi.latestnews.rssfeed https://ift.tt/37KkA08
via IFTTT